നാദാപുരം: വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.പ്രദേശത്ത് നാട്ടുകാർ ഇടവഴി ശുചീകരിക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വളയം പോലീസും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിൽ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബോംബുകളിൽ ഒരെണ്ണത്തിന്റെ കണ്ടെയ്നർ കാലപ്പഴക്കത്തെ തുടർന്ന് പൂർണമായും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. പോലീസ് സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സ്റ്റീൽ ബോംബുകൾ ബോംബ് സ്ക്വാഡ് വിദഗ്ധർ നിർവീര്യമാക്കി. വർഷങ്ങളുടെ പഴക്കമുള്ളതാണെന്ന് അധികൃതർ പറഞ്ഞു. ബോംബിൽ വെടിമരുന്നിന്റെ അംശം കണ്ടെത്തിയതായും സംഭവത്തിൽ സ്ഫോടക വസ്തു നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും വളയം പോലീസ് പറഞ്ഞു.